ന്യുഡെല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഒത്താശയും പ്രോല്‍സാഹനവും നല്‍കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണവും ഇതാണ്.
ഇന്ന് നടക്കുന്ന ഈ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ‘ലൈഫ് മിഷനില്‍ കള്ളപ്പണം കണ്ടെത്തി. ബെംഗലൂരുവില്‍ ലഹരി കടത്തില്‍ പിടിയിലായ ബിനീഷ് കോടിയേരിക്ക് കള്ളപ്പണക്കാരുമായി ബന്ധം കണ്ടെത്തി. സ്വര്‍ണക്കടത്തില്‍ കള്ളപ്പണത്തിന്റെ ഇടപാട് കണ്ടെത്തി. ഇതിലൊക്കെ പങ്കാളികളായ ആളുകള്‍ സിപിഎമ്മിന് വേണ്ടപ്പെട്ട ആളുകളാണ്’- അദ്ദേഹം പറഞ്ഞു.
അങ്ങനെയുള്ള കള്ളപ്പണക്കാര്‍ക്ക് എതിരെയാണ് കേന്ദ്ര ഏജന്‍സികള്‍ നീങ്ങുന്നത്. ആ നീക്കത്തെയാണ് കേരള സര്‍ക്കാരിന് എതിരെയാണെന്ന് സിപിഎം വ്യാഖ്യാനിച്ചുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നത്. ഇതുവഴി കളളപ്പണക്കാര്‍ക്ക് യഥേഷ്‌ടം വിഹരിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലെ ക്രമക്കേടുകളെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്നു. പൊതുമരാമത്ത് വകുപ്പ് നടത്തിക്കൊണ്ടിരുന്ന പണികളാണ് കിഫ്ബി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.