കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.
കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. ബോണ്ട് സംബന്ധിച്ച പ്രധാന തീരുമാനമെടുത്ത വ്യക്‌തി ഐസക്കാണ്. ഇടപാടിലെ നിയമസാധുത പരിശോധിക്കാൻ ഐസക്കിന്റെ മൊഴിയെടുത്തേ മതിയാകൂവെന്നും ഇഡി കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്‌ബി ഹൈക്കോടതിയെ അറിയിച്ചു.
ഹരജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അടിയന്തിര സാഹചര്യമുണ്ടായാൽ ഹരജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസ് ടിആർ രവി പറഞ്ഞു. കേസ് ഇനി മേയ് 22ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാൻ വ്യക്‌തി എന്ന നിലയിലും, കിഫ്‌ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡിയുടെ വിശദീകരണം.
എന്നാൽ, ഇഡിയുടെ നീക്കം രാഷ്‌ട്രീയപ്രേരിതമാണെന്നാണ് ഐസക്കിന്റെ വാദം. തോമസ് ഐസക്കിന്റെ ഹരജി പരിഗണിക്കുന്നതിനിടെ എന്തിനാണ് അദ്ദേഹത്തിന് സമൻസ് അയക്കുന്നതെന്ന് കോടതി ഇഡിയോട് നേരത്തെ ചോദിച്ചിരുന്നു. ഇതിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും