തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ ആദ്യ രണ്ട് ആഴ്‌ചകളിൽ വിദ്യാർഥികൾക്ക് ഹാജർ ഉണ്ടാകില്ലെന്നും, കുട്ടികളുടെ ആത്‌മവിശ്വാസം കൂട്ടുന്ന തരത്തിലുള്ള പഠനം മാത്രമായിരിക്കും ഈ കാലയളവിൽ ഉണ്ടാകുകയെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 24,000 തെർമൽ സ്‌കാനറുകൾ സ്‌കൂളുകൾക്ക് വിതരണം ചെയ്‌തിട്ടുണ്ട്. കൂടാതെ സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിനായി 2.85 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്‌തമാക്കി. ശുചീകരണം നടത്താനുള്ള 104 സ്‌കൂളുകൾ ഉടൻ ശുചീകരിക്കുമെന്നും, ശരിയാക്കാനുള്ള 1,474 സ്‌കൂൾ ബസുകൾ ഉടൻ ശരിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്‌ഥാനത്ത് ഇനിയും വാക്‌സിൻ എടുക്കാത്ത അധ്യാപകർ തൽക്കാലം സ്‌കൂളിൽ എത്തേണ്ടെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 2,282 അധ്യാപകരാണ് ഇനിയും വാക്‌സിൻ എടുക്കാനുള്ളത്. വാക്‌സിൻ എടുക്കാത്തതിന്റെ കാരണമായി പലരും ആരോഗ്യ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
Read also: സദാചാര ഗുണ്ടായിസം തടയാൻ നിയമം വേണം; സർക്കാരിന് ശുപാർശ