ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം 100 കോടി കടന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒൻപത് മാസങ്ങൾ പിന്നിടുമ്പോഴാണ് നൂറുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. രാവിലെ 9.45ഓടെ രാജ്യത്ത് നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം നൂറുകോടി പൂർത്തിയാക്കി. 14 ലക്ഷത്തിലേറെ ഡോസുകളാണ് ഇന്ന് വിതരണം ചെയ്തത്.
ചൈനക്ക് ശേഷം നൂറുകോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. നേട്ടം ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷപരിപാടികളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. 12 മണിയോടെ ചെങ്കോട്ടയിലാണ് ആഘോഷപരിപാടികൾ നടക്കുക. പ്രമുഖ ഗായകൻ ഖൈലാഷ് ഖേറിന്റെ ഗാനാലാപനത്തോടെയാകും പരിപാടികൾ തുടങ്ങുക. ഒരു ഓഡിയോ- വിഷ്വൽ ചിത്രവും പ്രദർശിപ്പിക്കും. തുടർന്ന്, 1,400 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തുമെന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്തു.
വ്യാഴാഴ്ച രാവിലെ 9.47ഓടെയാണ് രാജ്യത്ത് നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 100 കോടി കടന്നതായി കോവിൻ പോർട്ടലിൽ രേഖപ്പെടുത്തിയത്. 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യഡോസും 31 ശതമാനം പേർക്ക് രണ്ടുഡോസുകളും നൽകി.
യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുത്ത് ചരിത്രപരമായ ഈ യാത്രയിൽ അവരവരുടെ കയ്യൊപ്പ് ചാർത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർഥിച്ചു. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെ രണ്ട് ഡോസ് വാക്സിനും നൽകാനായത്.
Also Read: ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം








































