ന്യൂഡെൽഹി: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷന്റെ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി ഒന്ന് മുതൽ വാക്‌സിനായി കൊവിൻ ആപ്പിൽ (Cowin) രജിസ്‌റ്റർ ചെയ്യാം. സ്‌കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് കൊവിൻ ആപ്പ് തലവൻ ആർഎസ് ശർമ്മ അറിയിച്ചു.
കോവാക്‌സിൻ ആകും കൗമാരക്കാർക്ക് നൽകുക എന്നാണ് സൂചന. നാലാഴ്‌ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്‌സിനേഷൻ എന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ എൻകെ അറോറ പറഞ്ഞിരുന്നു.
ഐസിഎംആർ ഉൾപ്പടെ വിദഗ്‌ധ സമിതി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ കരുതൽ ഡോസിന്റെ ഇടവേള ഒന്‍പത് മാസമാക്കി തീരുമാനിച്ചു. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസിന് അർഹരായവരുടെ വിവരങ്ങളും കൊവിൻ ആപ്പിൽ അപ്ഡേറ്റാകും.
ബൂസ്‌റ്റർ ഡോസിന് വ്യത്യസ്‌ത വാക്‌സിൻ നൽകുമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ മുൻകരുതൽ ഡോസായി ആദ്യ രണ്ട് ഡോസിൽ സ്വീകരിച്ച അതേ വാക്‌സിൻ തന്നെ നൽകാനാണ് നിലവിൽ കേന്ദ്രത്തിന്റെ നീക്കം. ഇപ്പോൾ നൽകുന്നത് ബൂസ്‌റ്റർ ഡോസ് അല്ല കരുതൽ ഡോസാണെന്നതാണ് ഇതിന് കേന്ദ്രം നൽകുന്ന വിശദീകരണം.
Most Read: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ