വടകര: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഹൈദരാബാദ് മൂർഷിദാബാദ് ചിക്കടപ്പള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെയാണ്(40) കോഴിക്കോട് ജില്ലാ അസി. സെഷൻസ് ജഡ്‌ജി ജോജി തോമസ് വിട്ടയച്ചത്. തീവെപ്പ് നടന്ന് മൂന്ന് ദിവസത്തിനകം അറസ്‌റ്റിലായ നാരായണ സതീഷ് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു.
വടകര താലൂക്ക് ഓഫീസിനു സമീപത്തെ വിദ്യാഭ്യാസ ഓഫീസ്, എൻഎച്ച് ലാൻഡ് അക്വിസിഷൻ ഓഫീസ്, എടോടിയിലെ എൽഐസി ഓഫീസ് കെട്ടിടം എന്നിവിടങ്ങളിൽ നടന്ന തീവെപ്പ് കേസുകളിൽ ഉൾപ്പടെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് സതീഷിനെ വിട്ടയച്ചത്. 2021 ഡിസംബർ 17ന് പുലർച്ചെ വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കെട്ടിടം മുഴുവൻ കത്തുകയും വിലപ്പെട്ട രേഖകൾ സഹിതം ആയിരക്കണക്കിന് ഫയലുകൾ കത്തിനശിക്കുകയും ചെയ്‌തിരുന്നു.
ഇതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് മറ്റു ഓഫീസുകളിലും എൽഐസി ഓഫീസ് കെട്ടിടത്തിലും തീവെപ്പ് ഉണ്ടായത്. സിവിൽ സ്‌റ്റേഷൻ പരിസരത്തും നഗരത്തിലെ മറ്റു സ്‌ഥലങ്ങളിലുമുള്ള ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്‌തെങ്കിലും ഇയാളുടെ പേരിലുള്ള കുറ്റം തെളിയിക്കാനായില്ല. പ്രതിക്കായി ലീഗൽ സർവീസ് അതോറിറ്റി നിയമിച്ച അഡ്വ. പിവി സത്യപ്രസാദ് ഹാജരായി.
Most Read| ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുന്നു, ആദ്യഘട്ടം നാല് നഗരങ്ങളിൽ; ആരോഗ്യമന്ത്രി







































