തിരുവനന്തപുരം: ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുകയാണ്. കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു. എന്നിട്ടും നമ്പർ വൺ കേരളം എന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.
ആരോഗ്യകേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ്. മിഷണറിമാർ സഹായിച്ചിട്ടുണ്ട്. സാമൂഹിക സംഘടനകൾ സഹായിച്ചിട്ടുണ്ട്. മാറി മാറി വന്ന സർക്കാരുകൾ എല്ലാകാലത്തും അതിന് സംഭാവന ചെയ്‌തിട്ടുണ്ട്. മറ്റുള്ള സംസ്‌ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട ആരോഗ്യസംവിധാനം, ശിശുമരണ നിരക്ക് കുറച്ചതുൾപ്പടെയുള്ള നിരവധി നേട്ടങ്ങളുണ്ട്.
പക്ഷേ, ഇതെല്ലാം ഒന്നാമതാണ് എന്ന് പറഞ്ഞ് കഴിഞ്ഞ കുറെ വർഷങ്ങളായി സ്‌തംഭിച്ച അവസ്‌ഥയിലാണ്. ഇത് തിരിച്ചറിയണം. മറ്റുള്ള സ്‌ഥലങ്ങളിൽ ഉണ്ടാകുന്നതുപോലെ മാറ്റം പല കാര്യങ്ങളിലും ഉണ്ടാകുന്നില്ല. ലോകത്തുള്ള എല്ലാ രോഗവും ഇന്ന് കേരളത്തിൽ ഉണ്ട്. അതിനുള്ള കാരണം അന്വേഷിക്കണ്ടേ? ഹെൽത്ത് ഡാറ്റ ശേഖരിക്കുന്നില്ലേ? അത് പരിഹരിക്കാനുള്ള സംവിധാനം വേണ്ടേ?- വിഡി സതീശൻ ചോദിച്ചു.
പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകി. അമീബിക് മസ്‌തിഷ്‌ക ജ്വരം അപൂർവമാണെന്നും എല്ലാ ജലസ്രോതസുകളിലും അമീബ സാന്നിധ്യം ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ രോഗത്തിന് ചികിൽസാ മാർഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്‌ഥാനമാണ് കേരളമെന്നും, ഏകാരോഗ്യ ആശയത്തിൽ അധിഷ്‌ഠിതമായ ഒരു കർമ്മപദ്ധതി തയ്യാറാക്കിയ ലോകത്തിലെ ഏക ഭൂപ്രദേശമാണ് കേരളമെന്നും മന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി.
രോഗപ്രതിരോധം, രോഗനിർണയം, ചികിൽസ എന്നിവയെ കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളുള്ള സാങ്കേതിക മാർഗരേഖ കേരളത്തിനുണ്ട്. കുളം, പുഴ, തടാകം, സ്വിമ്മിങ് പൂൾ, ടാപ്പിലെ വെള്ളം, കനാൽ തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള എല്ലാ ജല ഉറവിടങ്ങളെ കുറിച്ചും ഇതിൽ ശാസ്‌ത്രീയമായി വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
2023ലെ നിപ വ്യാപനത്തിന് ശേഷമാണ്, കാരണം കണ്ടെത്താത്ത മസ്‌തിഷ്‌ക മരണങ്ങൾ വിശദമായി പരിശോധിക്കാൻ തുടങ്ങിയത്. വൈറൽ പാനൽ ടെസ്‌റ്റുകൾ നെഗറ്റീവ് ആകുമ്പോൾ അമീബയുടെ സാന്നിധ്യം കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇങ്ങനെയാണ് സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ കണ്ടെത്തിത്തുടങ്ങുന്നത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഈ രോഗം വ്യാപകമാണെങ്കിലും പലപ്പോഴും കണ്ടെത്തപ്പെടാതെ പോവുകയാണെന്നും മന്ത്രി പഠനങ്ങൾ ഉദ്ധരിച്ച് വിശദീകരിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ