തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കൾ ഉൾപ്പടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സ്‌ഥിരം പല്ലവിക്ക് അർഥം ഇല്ലാതായെന്നും വിഡി സതീശൻ പറഞ്ഞു.
”കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബങ്ങളുമായി ആലോചിച്ച് അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ പാർട്ടി പിന്തുണ നൽകും. ക്രൂരമായ കൊലപാതകമാണ് നടന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. കുടുംബം പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുടുംബങ്ങളുമായി ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും”- വിഡി സതീശൻ പറഞ്ഞു.
”മറ്റുള്ളവർക്ക് രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ അവസരം നൽകാത്തത് സിപിഎം രീതിയാണ്. കൊല്ലപ്പെട്ട രണ്ട് ചെറുപ്പക്കാർക്കും നാട്ടിൽ പൊതുപ്രവർത്തനവും ജീവകാര്യണ്യ പ്രവർത്തനവും നടത്തി ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിക്കുന്നുവെന്ന് കണ്ടാണ് അവരെ ഇല്ലാതാക്കിയത്”- വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയിൽ തൃപ്‌തരല്ലെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം പ്രതികരിച്ചു. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്ന് ഇവർ പറഞ്ഞു. കെവി കുഞ്ഞിരാമൻ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ്. ഇവർക്കുള്ള ശിക്ഷ കുറഞ്ഞുപോയി. അഭിഭാഷകരുമായും കോൺഗ്രസുമായും ആലോചിച്ചാകും അപ്പീൽ നൽകുന്ന കാര്യങ്ങളിൽ തീരുമാനിക്കുകയെന്നും കുടുംബങ്ങൾ വ്യക്‌തമാക്കി.
Most Read| 70 ദിവസം, 14,722 കിലോമീറ്റർ, 22 സംസ്‌ഥാനങ്ങൾ; കാറിൽ ഒറ്റയ്‌ക്ക് ഇന്ത്യ ചുറ്റി ജോസഫൈൻ