കൊച്ചി: സിഎംആർഎല്ലിന് ഒരുതരത്തിലുള്ള സേവനവും നൽകിയിട്ടില്ലെന്ന് എക്‌സാലോജിക്ക് ഉടമ വീണാ വിജയന്റെ മൊഴി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് വീണയുടെ മൊഴിയുള്ളത്. ചെന്നൈ ഓഫീസിൽ വെച്ച് ചോദ്യം ചെയ്‌തപ്പോൾ വീണ ഇത്തരത്തിൽ മൊഴി നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്.
വീണയ്‌ക്ക് പുറമേ എക്‌സാലോജിക്ക് ഉദ്യോഗസ്‌ഥരും സിഎംആർഎൽ ഐടി വിഭാഗം മേധാവിയും ഇത് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എക്‌സാലോജിക്കിന്റെ മുഖ്യവരുമാനം സിഎംആർഎല്ലിൽ നിന്നാണെന്നും എസ്എഫ്ഐഒ കണ്ടെത്തി.
സിഎംആർഎല്ലിൽ നിന്ന് വീണയ്‌ക്കും എക്‌സാലോജിക്കിനും പ്രതിമാസം കിട്ടിയത് എട്ടുലക്ഷം രൂപയാണ്. സേവനങ്ങൾക്ക് മൂന്നുലക്ഷം രൂപയാണ് നൽകിയത്. ഇതിന് പുറമേ വീണയെ സിഎംആർഎൽ ഐടി, മാർക്കറ്റിങ് കൺസൾട്ടന്റ് ആയി നിയമിക്കുകയും അഞ്ചുലക്ഷം രൂപ നൽകുകയും ചെയ്‌തിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരത്തിൽ വീണയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയും കൂടി ഒത്തുകളിച്ച് സിഎംആർഎല്ലിൽ നിന്നും 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സിഎംആർഎല്ലിന്റെ സഹോദര സ്‌ഥാപനമായ എംപവർ ക്യാപിറ്റൽ ഇൻവെസ്‌റ്റ്‌മെന്റ് എന്ന സ്‌ഥാപനത്തിൽ നിന്ന് വീണ വായ്‌പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആർഎല്ലിൽ നിന്ന് പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. എസ്എഫ്ഐഒ റിപ്പോർട്ടിലെ 11ആം പ്രതിയാണ് വീണ.
റിപ്പോർട് നിലവിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ കേസെടുക്കാനും തുടർ നടപടി സ്വീകരിക്കാനും അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടെങ്കിലും രണ്ടുമാസത്തേക്ക് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. ഈ കാലാവധി കഴിഞ്ഞാൽ കേസ് വീണ്ടും അഡീഷണൽ സെഷൻസ് കോടതിയിലെത്തും. തുടർന്ന് സമൻസ് അയക്കുകയും വിചാരണ നടത്തുകയും ചെയ്യും.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ