കോഴിക്കോട്: ജില്ലയിലെ നാദാപുരം മേഖലകളിൽ വാഹനാപകടങ്ങൾ കൂടിയതോടെ കർശന നടപടിയുമായി പോലീസ്. ഇതിന്റെ ഭാഗമായി നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം എന്നീ സ്‌റ്റേഷൻ പരിധിയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പടുത്തുമെന്ന് പോലീസ് അറിയിച്ചു. ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് എതിരേയായിരിക്കും കർശന നടപടി സ്വീകരിക്കുക.
നാദാപുരം സബ് ഡിവിഷൻ ഡിവൈഎസ്‍പി ടിപി ജേക്കബിന്റ നേതൃത്വത്തിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഇന്നലെ, കല്ലാച്ചി, നാദാപുരം ടൗണുകളിൽ ഡിവൈഎസ്‌പി നേരിട്ടെത്തി ഹെൽമെറ്റില്ലാതെ യാത്ര ചെയ്‌തവരെ പിടികൂടിയിരുന്നു. ഇവർക്ക് ആദ്യദിനം ബോധവൽക്കരണം നൽകുകയാണ് ചെയ്‌തത്. എന്നാൽ, നാളെ മുതൽ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരിൽ നിന്ന് ഉയർന്ന പിഴ ഈടാക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചിട്ടുണ്ട്.
കൂടാതെ, വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുക്കുന്നതുൾപ്പടെയുള്ള നിയമ നടപടികളും സ്വീകരിക്കും. അതേസമയം, ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്‌ഐ ആർ എൻ പ്രശാന്ത്, ട്രാഫിക് എസ്‌ഐ സുരേഷ് ബാബു എന്നിവരും ഇന്നലെ നടത്തിയ പരിശോധനക്ക് നേതൃത്വം നൽകി.
Read Also: നേതാക്കളെ അവഹേളിക്കാൻ അനുവദിക്കില്ല; കെ സുധാകൻ








































