കാസർഗോഡ്: കോളിച്ചാൽ സപ്ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ മാനേജർ ബാലകൃഷ്ണൻ തട്ടിപ്പ് തടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
2019 മുതൽ 2021 ജൂൺ വരെ സാധനം വിറ്റ വകയിൽ കിട്ടിയ പണം മാനേജർ ബാങ്കിൽ അടച്ചിരുന്നില്ല. തട്ടിപ്പിന്റെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കോളിച്ചാലിലെ ദേശസാൽക്കൃത ബാങ്ക് ശാഖയിൽ നിന്ന് വിവരങ്ങൾ തേടി വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് റിപ്പോർട് കിട്ടിയതിന് ശേഷം കേസ് എടുക്കുന്നത് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ മാസം വിജിലൻസ് ഡയറക്ടർ നൽകിയ അനുമതിയുടെ ഭാഗമായാണ് ഡിവൈഎസ്പി കെവി വേണുഗോപാലനും സംഘവും കോളിച്ചാലിൽ പരിശോധന നടത്തിയത്. അതേസമയം, മാസങ്ങൾക്ക് മുൻപ് തട്ടിപ്പ് തെളിഞ്ഞതിനെ തുടർന്ന് സപ്ളൈകോ ഉന്നത അധികാരികൾ മേനേജർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നില്ല. അതിന് പകരം കാസർഗോഡ് ഭാഗത്തെ ഒരു ഔട്ട്ലെറ്റിന്റെ മാനേജരായി സ്ഥലം മാറ്റുകയാണ് ചെയ്തതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read: ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്







































