ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്

By Team Member, Malabar News
New Action Plan For Sabarimala Pilgrimage By Health Minister
Ajwa Travels

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചത്. തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം, കോവിഡ്, മറ്റ് പകര്‍ച്ചവ്യാധികൾ എന്നിവയുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ആക്ഷൻ പ്ളാൻ രൂപീകരിച്ചിരിക്കുന്നത്.

എല്ലാ തീര്‍ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും, 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ചവർക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിൽസാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്‌ഥലങ്ങളിലായി സ്‌ഥാപിക്കും.

തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്‌റ്റ് എയ്‌ഡിനും ബ്‌ളെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഈ ചികിൽസാ കേന്ദ്രങ്ങളിൽ ഉണ്ടാകും. ഹൃദയാഘാതം വരുന്ന തീര്‍ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്‌റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നുവെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണ്.

സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്‌ഥലങ്ങളില്‍ വിദഗ്‌ധ സംവിധാനങ്ങളോട് കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സിഎച്ച്സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സൗകര്യങ്ങളൊരുക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.

Read also: സദാചാര ഗുണ്ടായിസം തടയാൻ നിയമം വേണം; സർക്കാരിന് ശുപാർശ

തീര്‍ഥാടകര്‍ക്ക് പ്രത്യേക ചികിൽസ ഉറപ്പാക്കാന്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്‌തിട്ടുണ്ട്. കാസ്‌പ്‌ കാര്‍ഡുള്ള തീര്‍ഥാടകര്‍ക്ക് എംപാനല്‍ ചെയ്‌ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിൽസ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിൽസ തേടാവുന്നതാണ്.

വിവിധ ജില്ലകളില്‍ നിന്നും ഡോക്‌ടർമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ അവശ്യ ചികിൽസാ സേവനത്തിനായ് ഇവിടെ വിന്യസിക്കും. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പര്‍മണോളജി, സര്‍ജറി, അനസ്‌തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്‌പെഷലിസ്‌റ്റ് ഡോക്‌ടർമാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

ആരോഗ്യവകുപ്പ് ഡയറക്‌ടർക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്‌ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്‌ടർ, നോഡല്‍ ഓഫീസര്‍, ഒരു അസി. നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും.

Read also: ആദ്യ രണ്ടാഴ്‌ച ഹാജർ ഇല്ല; ആശങ്കയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE