കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടിൽ വന്‍ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സ് കണ്ടെത്തൽ. ഭൂമിയുടെ വിലനിർണയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഇടപാടിൽ മൂന്നു കോടിയുടെ ക്രമക്കേട് നടന്നെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റവന്യൂ വിജിലൻസ് ശുപാർശ ചെയ്തു.
മാവൂർ സഹകരണ ബാങ്കിനായി, 2019ൽ കാര്യാട്ട് താഴത്ത് 9 കോടി 88 ലക്ഷം രൂപക്ക് 2.17 ഏക്കർ സ്ഥലം വാങ്ങിയതിലാണ് റവന്യൂ വിജിലൻസ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ ആയിരുന്ന അനിതകുമാരി, മാവൂർ വില്ലേജ് ചാർജ് ഓഫിസർ ബാലരാജൻ എന്നിവർക്കെതിരെ നടപടിവേണമെന്നാണ് ശുപാർശ.
സഹകരണ നിയമപ്രകാരം, സഹകരണ സ്ഥാപനങ്ങൾ ഭൂമി വാങ്ങുമ്പോൾ, റവന്യൂ വകുപ്പ് വില നിർണയം നടത്തണമെന്നാണ് ചട്ടം. ഇതിനായി മൂന്നു കിലോമീറ്റർ ചുറ്റളവിൽ മൂന്നു വർഷത്തിനിടെ നടന്ന ഭൂമിയിടപാടുകളുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാം. എന്നാൽ ഇവിടെയത് 5 കിലോമീറ്റർ ചുറ്റളവിലുളള ഭൂമിയായിരുന്നെന്നും, അടിസ്ഥാന വില 40 ശതമാനം വർധിപ്പിച്ചതായും കണ്ടെത്തി.
സെന്റിന് മൂന്നു ലക്ഷത്തിൽ താഴെ മാത്രം വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഭൂമി ഇടപാട് നടന്നത്. ഇതിൽ മൂന്നു കോടിയുടെ ക്രമക്കേടുണ്ടന്നും റവന്യൂ വിജിലന്‍സ് റിപ്പോർട്ടിലുണ്ട്. ഭൂരേഖ വിഭാഗം തഹസിൽദാർ, ചാർജ് ഓഫിസർ എന്നിവർ സ്ഥല പരിശോധന നടത്തിയിരുന്നെങ്കിൽ ക്രമക്കേട് ഒഴിവാക്കാമായിരുന്നെന്നും റവന്യൂ വിജിലൻസ് അന്വേഷണ റിപ്പോർട്ടിലുണ്ട്.
വാങ്ങുന്ന ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പ് അത് പരിശോധിച്ച് വില നിർണയിക്കണം. ഇവിടെ അതും നടന്നില്ല. എന്നാൽ വിലനിർണയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെന്നാണ് ബാങ്ക് ഭരണ സമിതിയുടെ വിശദീകരണം. ആരോപണം ഉയർന്നപ്പോൾ തന്നെ, അഞ്ച് പേർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു എന്നും ബാങ്ക് പ്രസിഡണ്ട് രാജിവച്ചിരുന്നുവെന്നും സിപിഎം പ്രതികരിച്ചു.
Most Read: പരസ്യത്തിൽ നമ്പർ തെറ്റി; ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ


































