തമിഴ് സൂപ്പർ താരം വിജയ് നായകനാവുന്ന ചിത്രം ‘ബീസ്‌റ്റി’ന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഈ വര്‍ഷം മാര്‍ച്ചിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം കോവിഡ് മൂലമാണ് തടസപ്പെട്ടത്. എന്നാലിപ്പോൾ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്.
നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്‌റ്ററിലുള്ളത്. സണ്‍ പിക്ച്ചേഴ്സുമായുള്ള വിജയ്‌യുടെ നാലാമത്തെ ചിത്രമാണ് ‘ബീസ്‌റ്റ്’. ‘വേട്ടക്കാരന്‍’, ‘സുറ’, ‘സര്‍ക്കാര്‍’ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് സണ്‍ പിക്ച്ചേഴ്സ് നിര്‍മിച്ച വിജയ് ചിത്രങ്ങള്‍.
പൂജ ഹെഡ്‌ജയാണ് ‘ബീസ്‌റ്റി’ൽ നായികയായി എത്തുന്നത്. നിലവിൽ വിജയ്‌യും പൂജയും ചേർന്നുള്ള ഗാനത്തിന്റെ ചിത്രീകരണമാണ് നടക്കുന്നതെന്നാണ് വിവരം. 20 ദിവസമായിരിക്കും ഷെഡ്യൂള്‍ ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
ഏപ്രിലില്‍ വിജയ്‌യും സംഘവും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ദിവസമായിരുന്നു ജോര്‍ജിയയില്‍ ഷൂട്ടിങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങിയെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടത്താനായില്ല.
പൊങ്കൽ റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചിത്രം എത്താൻ വൈകുമെന്നാണ് സൂചന.
Most Read: കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും