കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരസമിതിക്കാണ് കോടതി കർശന നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രൊജെക്റ്റ്സ് എന്നിവ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
നിർമാണ സ്ഥാലത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസം നേരിടുന്നതായും പോലീസ് നിഷ്ക്രിയമാണെന്നും അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ വിമർശിച്ചിരുന്നു. വിഴിഞ്ഞം പോർട്ട് നിർമാണം നിർത്തിവെച്ച് സ്വതന്ത്ര ശാസ്ത്രീയ സ്ഥാപനത്തെ കൊണ്ട് പഠനം നടത്തിക്കണം എന്ന സുപ്രധാന ആവശ്യവുമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രദേശവാസികളും മൽസ്യതൊഴിലാളികളും രണ്ടു മാസം മുൻപ് ഇവിടെ സമരം ആരംഭിച്ചത്.
ഈ തുറമുഖ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും പദ്ധതിയുടെ ഭാഗമായി നിർബന്ധിത കുടിയൊഴിപ്പിക്കൽ നേരിടുന്നവരും പദ്ധതി മുന്നേറുമ്പോൾ കടൽ തീരശോഷണ പ്രശ്നങ്ങളാൽ ഒഴിഞ്ഞുപോകേണ്ടി വന്നേക്കുമെന്ന് ഭയപ്പെടുന്നവരും വലിയ വിമർശനമാണ് ആരംഭകാലം മുതൽ ഉന്നയിക്കുന്നത്.
കേരളത്തിലെ ഏറ്റവും ജൈവസമ്പന്നമായ കടൽ മേഖലകളിൽ ഒന്നാണ് വിഴിഞ്ഞം. അതുകൊണ്ട് തന്നെ കടൽ ആവാസവ്യവസ്ഥക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും വാദിക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തയാറാക്കിയ പരിസരാഘാത പഠനം പോർട്ട് നിർമാണ പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നവരുടെ സ്ഥാപനങ്ങൾ നടത്തിയതാണ് എന്ന വിമർശനവും ഉന്നയിക്കപ്പെടുന്നുണ്ട്. വിഴിഞ്ഞം തീരത്തെ ജൈവവ്യവസ്ഥക്ക് ഉണ്ടാക്കുന്ന അതീവഗുരുതര ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
സമരസമിതിയുമായി വിഷയത്തിൽ സർക്കാർ തലത്തിൽ വിവിധ ചർച്ചകൾ നടന്നെങ്കിലും എല്ലാം പരാജയപ്പെട്ടു. സുപ്രധാന ആവശ്യമായ നിർമാണം നിർത്തിവെക്കൽ ഒഴികെ മറ്റെല്ലാം അംഗീകരിക്കാം എന്നായിരുന്നു സർക്കാർ നിലപാട്. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ എതിര് കക്ഷികളാണ്.
Most Read: സ്വാന്റേ പേബൂവിന് നൊബേൽ; പാലിയോജെനോമിക്സ് ശാസ്ത്ര ശാഖയുടെ പിതാവ്