കൊച്ചി: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ കലവൂർ സ്വദേശിയായ യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് എംവിഡി റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സഞ്‌ജു നീന്തൽക്കുളം നിർമിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എംവിഡിയുടെ റിപ്പോട്ടിൽ പറയുന്നു. സഞ്‌ജുവിന്റെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. മോട്ടോർ വാഹന നിയമത്തിലെ ഏതൊക്കെ വകുപ്പുകളാണ് ലംഘിച്ചത് എന്നതിന്റെ അടിസ്‌ഥാനത്തിൽ പിഴ ഈടാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു.
നിയമലംഘനം നടത്തിയതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്‌റ്റ് ചെയ്‌തതിന് ക്രിമിനൽ കേസെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആർടിഒയുടെ പരാതിയിൽ മണ്ണഞ്ചേരി പോലീസ് സഞ്‌ജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ