തിരുവനന്തപുരം: പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനായ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായി വിഎസ് ഉണ്ടാകുമെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
”ഏറ്റവും സമുന്നത നേതാവായ വിഎസ് ഇപ്പോൾ കിടപ്പിലാണ്. കഴിഞ്ഞതവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. സംസ്‌ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിഞ്ഞവരിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ് പിന്നിട്ട അവർ സാങ്കേതികമായി സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി കോൺഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞശേഷം മാത്രമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വിഎസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായി അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകും”- എംവി ഗോവിന്ദൻ പറഞ്ഞു. 1964ൽ അവിഭക്‌ത കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്.
Most Read| വ്യാജ ജോലി വാഗ്‌ദാനം; മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു