തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ‘വിഎസ്’ എന്ന രണ്ടക്ഷരം ഒരിക്കലും മായാത്തതാണ്. വാനിലുയരെ ചെങ്കൊടി പറക്കാൻ സിപിഎമ്മിന് ഉയിരേകിയ സഖാവിനെ, പട്ടിണിയുടെ രാഷ്‌ട്രീയലയത്തിൽ നിന്ന് ജൻമിത്തത്തെയും രാജവാഴ്‌ചയെയും പൊരുതി കീഴടക്കിയ പോരാളിയെ, ചരിത്രത്തിലെ ചുവന്ന അധ്യായമായ പുന്നപ്ര-വയലാർ സമര നായകനെ കേരളക്കര എങ്ങനെ മറക്കും?
ഏറ്റവും തലമുതിർന്ന കമ്യൂണിസ്‌റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ജ്വലിക്കുന്ന നേതാവാണ് ഇന്ന് കേരള രാഷ്‌ട്രീയത്തോട് വിട പറഞ്ഞത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.
എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ഉടൻ തന്നെ വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകും. ഇന്ന് രാത്രി അവിടെ പൊതുദർശനം ഉണ്ടാകും. രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്‌ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും.
നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്‌ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്‌ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിൽ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും എംവി ഗോവിന്ദൻ അറിയിച്ചു. രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കളെല്ലാം വിഎസിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.
ഇന്ന് വൈകിട്ട് 3.20നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജൂൺ 23ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി