പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. കേസിൽ മൂന്ന് പ്രതികളാണ് നിലവിൽ ജയിലിൽ ഉള്ളത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ മരണത്തെ തുടർന്നുള്ള കേസ് സിബിഐ ഏറ്റെടുത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സിബിഐ പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനല്‍കണമെന്ന സിബിഐ ആവശ്യം പാലക്കാട് പോക്സോ കോടതി തള്ളിയിരുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടത്.
എന്നാൽ പോലീസ് രേഖയിലെ മുഴുവന്‍ സാധനങ്ങളും സിബിഐ കേസിലേക്ക് ഉള്‍പ്പെടുത്താൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഡമ്മി പരീക്ഷണത്തിനായാണ് തൊണ്ടിമുതൽ ആവശ്യപ്പെട്ടതെന്നും ഇക്കാര്യം തള്ളിയതോടെ സമാന വസ്തുക്കൾ ഉപയോഗിക്കാമെന്നും അന്വേഷണ സംഘം കോടതിയിൽ അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും സീഡികള്‍ ഉള്‍പ്പെടെയുള്ളവയും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയും തള്ളിയ കോടതി പകരം സര്‍ട്ടിഫൈഡ് കോപ്പി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
Most Read: സിഡ്നിയില്‍ വിദേശയാത്ര നടത്താത്ത അഞ്ചുപേര്‍ക്ക് ഒമൈക്രോണ്‍









































