കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ. പുതുതായി മൂന്ന് കേസുകളിലാണ് ഇരുവരെയും പ്രതിചേർത്തത്. സിബിഐ നേരത്തെ ഇവർക്കെതിരെ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൂടുതൽ കേസുകളിൽ പ്രതികളാവുന്നത്.
കുട്ടികളുടെ മരണത്തിൽ അമ്മയ്‌ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നതിന്റെ ശക്‌തമായ തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പിയേഴ്‌സ് മാത്യു കോടതിയിൽ പറഞ്ഞു. സാക്ഷിമൊഴികളും രേഖകളും ശാസ്‌ത്രീയ തെളിവുകളും ഇരുവർക്കും എതിരാണ്. പ്രതികൾക്ക് സമൻസ് അയക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം 25ന് കോടതി പരിഗണിക്കും.
കുട്ടി മധു, പ്രദീപ് എന്നിവർ പ്രതികളായ ഒരു കേസിലാണ് ഇരുവരേയും സിബിഐ പ്രതിചേർത്തത്. ഇതിൽ കുട്ടി മധു പ്രതിയായ പീഡനക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. പാലക്കാട് ജുവനൈൽ ജസ്‌റ്റിസ് ബോർഡിന്റെ പരിഗണനയിലുള്ള കേസിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതികളാക്കാനുള്ള റിപ്പോർട്ടും ഫയൽ ചെയ്‌തു.
സിബിഐ നൽകിയ സപ്ളിമെന്ററി ഫൈനൽ റിപ്പോർട് കോടതി സ്വീകരിച്ചു. രണ്ട് പെൺകുട്ടികളുടെയും മരണത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തൽ. ആത്‍മഹത്യ പ്രേരണാക്കുറ്റം, ബലാൽസംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടികൾ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്‍മഹത്യ ആണെന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ.
കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, കോടതി നിർദ്ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 2017 ജനുവരി 13ആം തീയതിയും മാർച്ച് 4ആം തീയതിയുമാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ