പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവ സ്‌ഥലം സന്ദർശിച്ചത്.
കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിൽ സംഘം സന്ദർശനം നടത്തി. സമര സമിതി നേതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വാളയാറിൽ പുനർ വിചാരണയെന്ന ഹൈക്കോടതി വിധിക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്.
സിബിഐ അന്വേഷണത്തിന് വിട്ടെങ്കിലും അതിനുമുമ്പുളള നടപടികൾ പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് സംഘത്തിനുള്ളത്. അന്വേഷണം ഏറ്റെടുക്കുന്നതായി നേരത്തെ തന്നെ സംഘം വിചാരണ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ചുമതലയുളള റെയിൽവെ എസ്‌പി നിശാന്തിനി, കോഴിക്കോട് ഡിസിപി ഹേമലത, പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌പി രാജു എന്നിവരുടെ സംഘം വീട്ടിലെത്തിയത്.
പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌പിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് സംഘം വാളയാറിലെത്തിയത്. നേരത്തെ കേസന്വേഷിച്ച ഡിവൈഎസ്‌പി സോജന്‍ ഉൾപ്പടെയുളളവർക്ക് എതിരെ നടപടിയാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്. ഇവർക്ക് ഐക്യദാര്‍ഢ്യം അർപ്പിച്ചു പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നിരാഹാര സമരവും രണ്ടുനാൾ പിന്നിട്ടു.
Malabar News: ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി