വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. വിമാനത്തിൽ ഉണ്ടായിരുന്ന ആരുംതന്നെ ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ ഫയർ ചീഫ് ജോൺ ഡോൻലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ 28 മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തു. നദിയിൽ തിരച്ചിൽ തുടരുകയാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്ത് പ്രിയപ്പെട്ടവരെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 60 യാത്രക്കാരും നാല് ജോലിക്കാരുമുള്ള വിമാനം മൂന്ന് പേരുള്ള സൈനിക ഹെലികോപ്‌ടറുമായാണ് കൂട്ടിയിടിച്ചത്. വാഷിങ്‌ടണിലെ റീഗൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.
പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആകാശത്ത് കൂട്ടയിടി ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ പറഞ്ഞു. കൻസാസിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ബ്‌ളാക്ക് ഹാക് ഹെലികോപ്‌ടറിൽ ഇടിച്ചത്. വിമാനവും ഹെലികോപ്‌ടറും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണ് വീണത്.
അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാർഥിക്കുന്നതായും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇത് നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, വിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ കൺട്രോൾ ടവറുകളുടെ കാര്യക്ഷമതയിൽ സംശയവും പ്രകടിപ്പിച്ചു. 2009ന് ശേഷം യുഎസിലുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് റിപ്പോർട്. 2009ൽ ന്യൂയോർക്കിലുണ്ടായ അപകടത്തിൽ 49 പേരാണ് മരിച്ചത്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ