വാഷിങ്ടൻ: യുഎസിൽ വിമാനദുരന്തത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്. ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീഴുകയായിരുന്നു. ഇതുവരെ 18 പേരുടെ മൃതദേഹം കണ്ടെടുത്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്ന് വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു. 60 യാത്രക്കാരും നാല് ജോലിക്കാരുമുള്ള വിമാനം മൂന്ന് പേരുള്ള സൈനിക ഹെലികോപ്‌ടറുമായാണ് കൂട്ടിയിടിച്ചത്. വാഷിങ്‌ടണിലെ റീഗൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ ടേക്ക്‌ഓഫും ലാൻഡിങ്ങും നിർത്തി. അമേരിക്കൻ എയർലൈൻസിന്റെ യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആകാശത്ത് കൂട്ടയിടി ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ പറഞ്ഞു.
വിമാനവും ഹെലികോപ്‌ടറും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണ് വീണത്. വൈറ്റ് ഹൗസിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരത്തായിരുന്നു അപകടം നടന്നത്. അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാർഥിക്കുന്നതായും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കൻസാസിനിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ബ്‌ളാക്ക് ഹാക് ഹെലികോപ്‌ടറിൽ ഇടിച്ചത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്