വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു. ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പ്രദേശത്ത് 96.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മാനന്തവാടി ഒഴിക്കോടി മേഖലയിലാണ് കുറവ് രേഖപ്പെടുത്തിയത്. 4.2 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്.
ഇന്നലെ രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിൽ 12 മില്ലീമീറ്റർ മുതൽ 40 മില്ലീമീറ്റർ വരെ മഴ വിവിധ പ്രദേശങ്ങളിലായി പെയ്തു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജൂൺ മുതൽ ജൂലൈ 12 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ഇപ്പോഴും 51 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് തന്നെ മഴക്കുറവിൽ ജില്ല രണ്ടാം സ്ഥാനത്താണ്. എളമ്പിലേറി മലനിരകൾ ഉൾപ്പെടുന്ന മേഖലയിൽ 77.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പുതുമലയിൽ- 58.4, ലക്കിടിയിൽ-58, പെരിയ മക്കിമലയിൽ- 51.2, പൊഴുതന മേൽമുറിയിൽ-47, തവിഞ്ഞാൽ മേഖലയിൽ-45, ചുളിക്ക മേഖലയിൽ- 42, മുണ്ടക്കൈയിൽ-40, ചെമ്പ്ര മലനിരകൾ ഉൾപ്പെടുന്ന മേഖലയിൽ-40 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ 20 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: ബിനീഷിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും