കൽപ്പറ്റ: വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. അവശ്യ സർവീസുകളെയും, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കായുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം. കെഎസ്ആർടിസി പുലർച്ചെ ചില സർവീസുകൾ നടത്തി. ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
അതേസമയം, കൽപ്പറ്റ ചുങ്കം ജങ്ഷനിലും ലക്കിടിയിലും മറ്റും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ലക്കിടിയിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഗതാഗതം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നിലവിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല.
ജില്ലയിലെ കടകമ്പോളങ്ങൾ അടച്ചിടണമെന്ന ആഹ്വാനവുമായി എല്ലാ ടൗണിലും രാത്രി യുഡിഎഫ് പ്രകടനം നടത്തിയിരുന്നു. വയനാട് ജില്ലയിൽ 20000ലേറെ വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധമാണെന്നും കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടാക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.
പല സ്‌ഥലത്തും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും വ്യാപാര സ്‌ഥാപനങ്ങൾ അടപ്പിക്കുകയാണ്. സ്‌ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പോലീസ് സംരക്ഷണം നൽകണമെന്ന് അഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്