മലപ്പുറം: കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കേണ്ടത് യുഡിഎഫ് കൺവീനർ അല്ലെന്ന് മുൻ മന്ത്രിയും പാർട്ടി നേതാവുമായ ആര്യാടൻ മുഹമ്മദ്. വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞതല്ല കോൺഗ്രസിന്റെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അക്കാര്യത്തിൽ വ്യക്‌തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അടക്കം ആരുടെ വോട്ടും സ്വീകരിക്കും. എന്നാൽ അവരോടുള്ള നിലപാടിലും തന്റെ മതേതര കാഴ്‌ചപ്പാടിലും മാറ്റമില്ലെന്ന് ആര്യാടൻ പറഞ്ഞു. തുടർച്ചയായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നിലമ്പൂരിൽ നിന്ന് താൻ ജയിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽപോലും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് താൻ ചോദിച്ചിട്ടില്ല, അവർ തനിക്ക് വോട്ട് ചെയ്‌തിട്ടുമില്ല. സിപിഎം, ബിജെപി പാർട്ടികളിൽ ഉള്ളവർ തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങൾ ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എൽഡിഎഫ് ആണ് വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ പിഡിപിയുമായി പോലും അവർ സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ ഇതെല്ലാം സിപിഎം മറച്ചു വെക്കുകയാണെന്നും ആര്യാടൻ ആരോപിച്ചു.
Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; കാസര്‍ഗോഡ് സുരക്ഷാ നടപടികള്‍ ശക്‌തമാക്കി







































