ഓമശ്ശേരി: മാങ്ങാട് പട്ടാപകൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മാങ്ങാട് മാണിയേലത്ത് കുഞ്ഞാലിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകും വഴിയാണ് കുഞ്ഞാലിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിനിടെ താഴേക്ക് വീണ പന്നി മതിലുകൾക്ക് ഇടയിൽ കുടുങ്ങിപ്പോയി.
വിവരം അറിഞ്ഞ് വാർഡ് അംഗം ആനന്ദകൃഷ്ണൻ, താമരശ്ശേരി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. കാട്ടുപണികളെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പിന്റെ അനുമതി നേടിയ തോട്ടത്തിൻകടവ് പുറങ്കൽ വിവി ബാലൻ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
ഇതിന് മുൻപ് പലതവണ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതായി സമീപവാസികൾ അറിയിച്ചു. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. പന്നി പെരുകിയതുമൂലം പല കർഷകരും കൃഷി ഉപേക്ഷിച്ച നിലയിലാണ്.
വനംവകുപ്പിന്റെ നായരുകൊല്ലി സെക്ഷനിലെ ഫോറസ്റ്റ് ഓഫീസർ കെകെ സജീവ് കുമാർ, കെപി പ്രശാന്ത്, ബീറ്റ് ഓഫീസർമാരായ പി വിജയൻ, എംഎസ് പ്രദുഷ, ആർആർടി ഷമീർ, നാസർ, കരീം എന്നിവരുടെ നേതൃത്വത്തിൽ മഹസർ തയാറാക്കി പന്നിയുടെ ജഡം സംസ്കരിച്ചു.
Read also: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3 മണിക്കൂർ ഒപി ബഹിഷ്കരിക്കും; ഡോക്ടർമാർ







































