നിലമ്പൂർ: മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്.
ക്രിസ്‌മസ് അവധി കഴിഞ്ഞു മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്‌റ്റലിലാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മാഞ്ചീരി കന്നിക്കൈയിൽ ജീപ്പിലാണ് മണി വന്നിറങ്ങിയത്. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി ഏഴ് മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും മണി കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് മണിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. രാത്രി 9.30നാണ് വനപാലകർക്ക് വിവരം ലഭിച്ചത്. തലയിൽ നിന്ന് രക്‌തം വാർന്ന നിലയിലാണ് മണിയെ ചെറുപുഴയിൽ എത്തിച്ചത്. അവിടുന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ