പുൽപ്പള്ളി: ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. വന്യജീവി സങ്കേതത്തിൽ നിന്ന് ചീയമ്പം തേക്കുതോട്ടത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനയാണ് പ്രദേശങ്ങളിൽ നാശം വിതച്ചത്. ആനപന്തി കോളനിയിലെ നൗഫലിന്റെ കുടിൽ ഇന്നലെ രാത്രി കാട്ടാന തകർത്തു. നൗഫലും ഭാര്യ സുനിയും രണ്ട് കുട്ടികളും കുടിലിൽ ഉണ്ടായിരുന്ന സമയത്താണ് കാട്ടാന ഭീതി പരത്തിയത്.
ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. വീടിന്റെ കഴുക്കോൽ വലിച്ചെടുക്കുന്ന ശബ്‌ദം കെട്ടാണ് നൗഫലും ഭാര്യയും ഞെട്ടിയുണർന്നത്. തുടർന്ന് ഇവർ പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയും ആനയെ തുരത്തി. പിന്നീട് ചീയമ്പം പള്ളിപ്പടിയിലെത്തിയ കാട്ടാന പ്രദേശത്തെ നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചു.
വന്യജീവി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങി നാശം വിതയ്‌ക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനൊരു ശ്വാശ്വത പരിഹാരം വനം വകുപ്പ് അധികൃതർ ഇടപെട്ട് നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: സാമ്പത്തിക പ്രതിസന്ധി; വടകരയിൽ ഹോട്ടലുടമ ആത്‍മഹത്യ ചെയ്‌തു






































