പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ പടർന്ന് പിടിച്ച കാട്ടുതീ മനുഷ്യ നിർമിതമാണെന്ന് വൈൽഡ് ലൈഫ് വാർഡന്റെ വെളിപ്പെടുത്തൽ. സ്വാഭാവിക തീപിടിത്തമല്ല നടന്നിരിക്കുന്നത്. തീ ആരോ മനഃപൂർവം കത്തിച്ചതാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കുറ്റക്കാരെ അന്വേഷിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വാർഡൻ പ്രതികരിച്ചു. പാലക്കാട് ചൂട് കനത്തതോടെ ബഫർ സോണിൽ തീപടർന്നതാകാമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.
അതേസമയം, സൈലന്റ് വാലിയിലെ കാട്ടുതീയെ കുറിച്ച് അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ സിസിഎഫിനോടും പാലക്കാട് ജില്ലാ കളക്‌ടറോടും വനംമന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടുതീ മനുഷ്യ നിർമിതമാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സൈലന്റ് വാലിയിലെ കരുതൽ മേഖലയിൽ ഉൾപ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേർന്ന പുൽമേടുകളിലായിരുന്നു തീ പടർന്നത്. കാട്ടുതീ തുടങ്ങി നാല് ദിവസമായിട്ടും തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിരുന്നില്ല.
വാളയാർ അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും മാർച്ച് 12 മുതൽ കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു. തുടർന്ന് പുൽമേടുകളിലേക്ക് പടർന്ന തീ ആളിക്കത്തുകയായിരുന്നു. ചെങ്കുത്തായ മേഖലയായതിനാൽ ഫയർഫോഴ്‌സിനു പോലും മുകളിലെത്താൻ സാധിക്കാതെ വന്നതോടെയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്‌ടിച്ചത്. അതേസമയം, ജില്ലയിൽ കുറച്ച് ദിവസങ്ങളിലായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 41 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയുടെ പല ഭാഗങ്ങളിൽ നിലവിൽ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
Most Read: ശ്രീനഗറിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു








































