വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്രമോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കുമെന്നും, പ്രശ്‌നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്‌തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
തീരുവ വിഷയത്തിൽ യുഎസ് അധികൃതർ ഇന്ത്യക്കെതിരെ കടുത്ത വിമർശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്‌താവന. ഇതോടെ, തീരുവ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ രമ്യമായ പരിഹാരം ഉണ്ടാകാനുള്ള സാധ്യതകളാണ് തെളിയുന്നത്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനാണ് ഇന്ത്യക്ക് യുഎസ് 50% തീരുവ ഏർപ്പെടുത്തിയത്. യുക്രൈനുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ നിലവിൽ വന്നതോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി.
ബ്രസീലിനും 50 ശതമാനമാണ് തീരുവ. ആദ്യം പ്രഖ്യാപിച്ച 25% അധിക തീരുവ ഓഗസ്‌റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്‌റ്റ് 27നുമാണ് നിലവിൽ വന്നത്. അധിക തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു.
Most Read| സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി