ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. ഉച്ചയ്‌ക്ക് പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗമാണ് ആദ്യം സിംഗുവിൽ ചേരുക. ഇതിന് പിന്നാലെ കർഷക നേതാക്കൾ അടങ്ങുന്ന കോർ കമ്മിറ്റി യോഗവും ചേരും. ഈ യോഗത്തിലെടുക്കുന്ന തീരുമാനം നാളെ ചേരുന്ന സംയുക്‌ത കിസാൻ മോർച്ച ചർച്ച ചെയ്യും.
ഇതിന് പിന്നാലെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷകർ അന്തിമ തീരുമാനമെടുക്കും. പാർലമെന്റിൽ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടെന്ന നിലപാലിൽ ഭൂരിഭാഗം കർഷക സംഘടനകളും. അതേസമയം, കോൺഗ്രസ് ഇന്ന് കർഷക വിജയ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്‌ഥാന, ജില്ലാ കേന്ദ്രങ്ങളിൽ കർഷക റാലികളും കർഷക സഭകളും സംഘടിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ഒരു വർഷത്തോളം രാജ്യതലസ്‌ഥാനത്തിന്റെ അതിർത്തികളിൽ കർഷകർ നടത്തിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യം ലോക്ക്‌ഡൗണിൽ ആയിരുന്ന കാലത്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളാണ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് അടിത്തറയായത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള (ശാക്‌തീകരണവും സംരക്ഷണവും) ഓര്‍ഡിനന്‍സ്,അവശ്യവസ്‌തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസാക്കിയത്.
1950-60 കാലഘട്ടം മുതല്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ നിലവിലുള്ള നടപടികളും രീതികളും പരിഷ്‌കരിക്കുകയും കൃഷിരംഗത്തെ ശക്‌തിപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടിയാണ് നിയമങ്ങളെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം.
ഓര്‍ഡിനന്‍സുകള്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ രാജ്യത്തെ പ്രധാന കാര്‍ഷികസംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധങ്ങൾക്ക് തുടക്കമായി. ഓർഡിനൻസുകളിലെ വ്യവസ്‌ഥകൾ കാർഷിക മേഖലയെ തകർക്കുമെന്ന ആശങ്കയുയർത്തി കർഷക സംഘടനകൾ തെരുവിലിറങ്ങി. എതിര്‍പ്പുകളെ മറികടന്ന് ലോക്‌സഭ സെപ്‌റ്റംബർ 17നും രാജ്യസഭ 20നും ബില്ലുകള്‍ പാസാക്കി. 27ന് രാഷ്‌ട്രപതി ഒപ്പുവച്ചതോടെ നിയമം നിലവില്‍ വന്നു.
സംസ്‌ഥാനങ്ങളുടെ പരിധിയിൽ നിന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ ഏകാപന സമിതി (എഐകെഎസ്‌സിസി) വിലയിരുത്തിയതിനെ തുടർന്ന് കർഷക സംഘടനകളുടെ സമരം രാജ്യതലസ്‌ഥാനത്തേക്ക് മാറ്റി. തുടർന്ന് പഞ്ചാബില്‍ നിന്ന് പുറപ്പെട്ട് ഹരിയാനയില്‍ വ്യാപിച്ച ഡല്‍ഹി ചലോ സമരത്തെ അംബാലയില്‍ വച്ച് ഹരിയാന സര്‍ക്കാര്‍ തടഞ്ഞു.ജലപീരങ്കിയും ലാത്തിചാര്‍ജും കർഷക വീര്യത്തെ തകർത്തില്ല. ആയിരക്കണക്കിന് ട്രാക്‌ടറുകൾ അണിനിരത്തി കർഷകർ കേന്ദ്ര നടപടികളെ ചെറുത്തു.
രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരമായിരുന്നു അന്ന് തുടങ്ങിയത്. ചെറുതും വലുതുമായ നിരവധി ക്രൂര നടപടികളിലൂടെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ സമരവീര്യത്തിന് മുന്നിൽ അതൊന്നും നടപ്പായില്ല. ഡെൽഹിയിലെ അതിശൈത്യത്തിനും പോലീസിന്റെ ലാത്തിചാർജിനും ഇരയായി 800ലധികം കർഷകർക്കാണ് ജീവൻ നഷ്‌ടമായത്. നിയമം പിൻവലിക്കാത്തതിൽ മനംനൊന്ത് സമരഭൂമിയിൽ ആത്‌മഹത്യ ചെയ്‌ത കർഷകരുടെയും എണ്ണം കുറവല്ല.
ഡെൽഹിയിൽ കർഷകർക്ക് നേരെ ജലപീരങ്കിയും ലാത്തിയുമായി കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം നൂറുകണക്കിന് പോലീസുകാർ പാഞ്ഞടുത്തത് മുതൽ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ കാറോടിച്ച് കയറ്റി നാല് കർഷകർ ഉൾപ്പടെ എട്ട് പേരുടെ ജീവൻ എടുത്തത് വരെ രാജ്യം കണ്ട ഏറ്റവും വലിയ സഹനസമരമാണ് ഇപ്പോൾ വിജയത്തിന്റെ വക്കിൽ എത്തിയിരിക്കുന്നത്. നിയമം പിൻവലിക്കുന്നത് വരെ സമരം തുടരണോ പിൻവലിക്കണോ എന്ന കാര്യത്തിൽ നിർണായക തീരുമാനം കർഷക സംഘടനകളുടെ യോഗത്തിന് ശേഷമുണ്ടായേക്കും.
Also Read: കർഷക സമരത്തിനിടെ ജീവൻ വെടിഞ്ഞവരുടെ സ്‌മാരകം നിർമിക്കും; പഞ്ചാബ് മുഖ്യമന്ത്രി








































