ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും ആവശ്യമായ സഹായങ്ങൾ നൽകാതെ കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡെൽഹി സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ വിമർശനം.
രാജ്യ തലസ്‌ഥാനത്ത് കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ ലഭ്യമല്ലെന്ന് ഡെൽഹി സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ‘ഏറ്റവും വലിയ സംസ്‌ഥാനങ്ങളിലൊന്നിലേക്ക്’ വഴിതിരിച്ചു വിടുന്നതിനാലാണ് ഡെൽഹിയിൽ ഓക്‌സിജൻ ക്ഷാമം അനുഭവപ്പെടുന്നത് എന്നും സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ, രാഷ്‌ട്രീയ സംവാദങ്ങൾ ഒഴിവാക്കാൻ ഈ സംസ്‌ഥാനത്തിന്റെ പേര് വ്യക്‌തമാക്കിയിരുന്നില്ല.
ക്ഷാമം കാരണം കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നത് കുറയ്‌ക്കാൻ ഗംഗാ റാം ആശുപത്രിയിലെ ഡോക്‌ടർമാർ നിർബന്ധിതരാകുന്ന വിവരം അറിഞ്ഞതായി ഹരജി പരിഗണിക്കവെ ജഡ്‌ജ് പറഞ്ഞു. ഡെൽഹിയിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ നൽകുന്നില്ലേയെന്നും ഇൻഡസ്ട്രികളിൽ നിന്ന് എത്തിക്കാൻ സാധിക്കില്ലേയെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.
എന്നാൽ, വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്‌സിജൻ നൽകുന്നത് ഏപ്രിൽ 22 മുതൽ നിർത്തി വെക്കുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഈ മറുപടിയും കോടതിയെ ചൊടിപ്പിച്ചു. ” എന്തിനാണ് ഏപ്രിൽ 22 വരെ കാത്തുനിൽക്കുന്നത്? എന്തുകൊണ്ട് ഇന്നുതന്നെ ചെയ്‌തുകൂട? നിരവധി ജീവനുകൾ അപകടത്തിലാണ്. ഓക്‌സിജനുവേണ്ടി ഏപ്രിൽ 22 വരെ കാത്തിരിക്കാൻ നിങ്ങൾ രോഗികളോട് പറയാൻ പോവുകയാണോ?”- ഡെൽഹി ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.
“മരുന്ന് ഉണ്ടായിരുന്നിട്ടും, അത് ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് നൽകാതെ, മറ്റുള്ളവർക്ക് കൈമാറുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം; അത്തരക്കാരുടെ കൈകളിൽ രക്‌തം പുരണ്ടിട്ടുണ്ട്,”- കോടതി കൂട്ടിച്ചേർത്തു.
Also Read: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കരുത്; ഹരജി സുപ്രീം കോടതി തള്ളി