മഞ്ഞുകാലമാണ് കടന്നുപോകുന്നത്. ശരിയായ ശ്രദ്ധ ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സമയമാണ്. ചിലർക്ക് വിട്ടുമാറാത്ത തുമ്മലും ജലദോഷവും, മറ്റ് ചിലർക്ക് പനിയും ശരീരത്തിൽ ചൊറിച്ചിലും വരണ്ട ചർമവും ശ്വാസതടസവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളാണ് മഞ്ഞുകാലത്ത് നമ്മെ അലട്ടുന്നത്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചില പൊടികൈകൾ ഉപയോഗിച്ചാൽ തന്നെ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാൻ സാധിക്കും. തണുപ്പടിച്ചാൽ തുമ്മലും ജലദോഷവും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഡയറ്റിൽ സുഗന്ധ വ്യജ്ഞനങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മഞ്ഞുകാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് സുഗന്ധ വ്യജ്ഞനങ്ങൾക്ക് ഉണ്ടെന്നാണ് ആയുർവേദവും പറയുന്നത്. അത്തരത്തിലുള്ള സുഗന്ധ വ്യജ്ഞനങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

1. ഇഞ്ചി
ഇഞ്ചിയാണ് പട്ടികയിലെ ആദ്യത്തെ വസ്തു. മഞ്ഞുകാലത്ത് തേനിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇഞ്ചിയിൽ ജിഞ്ചറോൾ, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ, ഇവ പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം ശരീരത്തിലെ താപനിലയും ഇവ നിലനിർത്തും.
2. കറുവപ്പട്ട
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഏറെ ഔഷധ ഗുണങ്ങളുള്ള സുഗന്ധ വ്യജ്ഞനമാണ് കറുവപ്പട്ട. ഇവ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും. ജലദോഷവും തുമ്മലുമൊക്കെ ശമിപ്പിക്കാൻ കറുവപ്പട്ടയുടെ മണം തന്നെ മതിയെന്നാണ് പറയാറുള്ളത്. ഒപ്പം ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തനും ഇവ സഹായിക്കും.
3. കുരുമുളക്
വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ജലദോഷവും തുമ്മലുമൊക്കെ കുറക്കാൻ കുരുമുളക് ഏറെ സഹായകരമാണ്. ഇതിനായി മഞ്ഞൾ ഇട്ട പാലിൽ അൽപ്പം കുരുമുളക് പൊടി ചേർത്ത് കുടിക്കാം. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.
4. മഞ്ഞൾ
പല രോഗാവസ്ഥയിൽ നിന്നും രക്ഷ നേടാൻ മഞ്ഞൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുർകുമിൻ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ബാക്റ്റീരിയ, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾ എന്നിവക്കെതിരെ മഞ്ഞൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ഗ്ളാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂൺ ഇഞ്ചി നീരും ചേർത്ത് കുടിക്കാം.
5. പുതിന ഇല
ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് പുതിനയില. ജലദോഷം, ചുമ എന്നിവ അകറ്റാൻ മാത്രമല്ല മുറിവ് ഉണ്ടായാൽ പെട്ടെന്ന് ഉണങ്ങാനും ഇത് സഹായിക്കുന്നുണ്ട്. രണ്ടു ടീസ്പൂൺ പുതിന ഇലയുടെ നീരും ഒരു നുള്ള് കുരുമുളകും അൽപ്പം തേനും ചേർത്ത് കഴിച്ചാൽ ജലദോഷവും കുറയ്ക്കാനാകും.
ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.
Most Read: ഹിഗ്വിറ്റ വിവാദം: ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ








































