കാസർഗോഡ്: യുവാക്കൾ മുതൽ പോലീസ് ഉദ്യോഗസ്ഥരെ വരെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതിയെ (35) ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് പിടികൂടിയത്. പൊയിനാച്ചി സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിവാഹ മാട്രിമോണിയൽ സൈറ്റ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിലെ നിരവധി പോലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണ് ശ്രുതിക്കെതിരെ യുവാവ് പരാതി നൽകിയത്. ഇതോടെ ഒളിവിൽപ്പോയ ശ്രുതിക്കായി പോലീസ് അന്വേഷണം ഊർജിതമായിരുന്നു.
കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ കോടതി ശ്രുതിയുടെ മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റിലേക്ക് പോലീസ് കടന്നത്. വരനെ ആവശ്യമുണ്ടെന്ന് പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി. തുടർന്ന് യുവാക്കളിൽ നിന്ന് പണവും സ്വർണവും ആവശ്യപ്പെടും.
യുവതിക്കെതിരെ സമാനമായ ഒട്ടേറെ കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ, തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേരള പോലീസിലെ ഒരു എസ്ഐക്കെതിരെ മംഗളൂരുവിൽ യുവതി പരാതി നൽകിയിരുന്നു. ആശുപത്രിയിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഐഎസ്ആർഒ, ഇൻകംടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവർ പലരേയും കബളിപ്പിച്ചിരുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനായ പൊയിനാച്ചി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. ഐഎസ്ആർഒ ഉദ്യോഗസ്ഥ ആണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി വ്യാജ രേഖകൾ അയക്കുകയും ചെയ്തു. പിന്നീട് യുവാവിൽ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു.
യുവതിക്കെതിരെ പരാതിയുമായി എത്തിയ മറ്റൊരു യുവാവിനെ, മംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമ കേസിൽ ശ്രുതി കുടുക്കിയിരുന്നു. മംഗളൂരുവിൽ ജയിലിലായ യുവാവിൽ നിന്ന് അഞ്ചുലക്ഷം രൂപയും ശ്രുതി തട്ടിയെടുത്തിരുന്നു. കേസിൽ പിന്നീട് യുവാവ് ജാമ്യത്തിൽ ഇറങ്ങിയതോടെയാണ് യുവതിയുടെ തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ഇതിന് പിന്നാലെയാണ് പൊയിനാച്ചി സ്വദേശിയും പരാതിയുമായി പോലീസിനെ സമീപിച്ചത്. ശ്രുതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Most Read| കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്! ഞെട്ടലിൽ നാട്ടുകാർ