പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിൽസാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രക്കെതിരെ രംഗത്തെത്തി.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ആദ്യത്തെ ശസ്‌ത്രക്രിയ തിങ്കളാഴ്‌ചയാണ് നടത്തിയത്. ഈ ശസ്‌ത്രക്രിയക്ക് ശേഷം മായക്ക് തുടർച്ചയായി ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ സ്‌കാനിങ്ങിൽ, ആദ്യ ശസ്‌ത്രക്രിയയിലെ പിഴവിനെ തുടർന്ന് കുടലിൽ മുറിവുണ്ടായി എന്ന് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
ഇതിനെത്തടുർന്ന്, ശനിയാഴ്‌ച ഉച്ചയ്‌ക്ക് മായയെ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയയാക്കി. രാത്രി എട്ടുമണിയോടുകൂടി ശസ്‌ത്രക്രിയ പൂർത്തിയായി. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിൽസ തുടരുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, പുലർച്ചെ നാലുമണിയോടെ മായ മരിച്ചു.
ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആറൻമുള പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്. മായയുടെ ഭർത്താവ് രാജു കലപ്പമണ്ണിൽ, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥിയാണ്. അതേസമയം, രോഗി ഏറെ സങ്കീർണതകളിലൂടെയാണ് കടന്നുപോയതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
സങ്കീർണതകളെല്ലാം ബന്ധുക്കളെ അറിയിച്ചിരുന്നു. ചികിൽസയുടെ ഭാഗമായി അടിയന്തിര ഘട്ടത്തിലാണ് രണ്ടാമതും ശസ്‌ത്രക്രിയ നടത്തിയതെന്നും പിആർഒ വിശദീകരിച്ചു. ബന്ധുക്കളുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിക്കുമെന്നും മാനേജ്‌മെന്റിന് വേണ്ടി പിആർഒ വ്യക്‌തമാക്കി.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































