വയനാട്: റിസോർട്ടിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. റിസോർട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി സ്വദേശി പാറക്കണ്ടി ജുനൈദ് ആണ് അറസ്റ്റിലായത്. റിസോർട്ടിൽ അനാശാസ്യത്തിനായി ഇടപാടുകാരെ എത്തിച്ചിരുന്നത് ജുനൈദ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഏപ്രിൽ 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയൽ പൊട്ടംകൊല്ലിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോളിഡേ റിസോർട്ടിൽ ജോലിക്കായി എത്തിച്ച പെൺകുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. റിസോർട്ടിലേക്ക് അതിക്രമിച്ച് കയറിയ മുഖമൂടി ധാരികളായ എട്ടംഗ സംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.
സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരായ ബത്തേരി കട്ടയാട്ട് ഷിധിൻ, വാകേരി ഞരഞ്ഞോളിമീത്തൽ വിജയൻ, പുൽപ്പള്ളി സ്വദേശി ജോജോ കുര്യാക്കോസ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് യുവതിയെ റിസോർട്ടിൽ ജോലിക്കായി എത്തിച്ചത്. യുവതി ഇപ്പോൾ സഖി സംരക്ഷണ കേന്ദ്രത്തിലാണ്. യുവതിയെ പീഡിപ്പിച്ച മുഖം മൂടി സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
Most Read: ആരോഗ്യ സ്ഥാപനങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്രം






































