തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത മൂന്ന് ഉദ്യോഗാർഥികൾ ഇതിൽ ഉൾപ്പെടും. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തവരിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്.
പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28, പോലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കഴിഞ്ഞുപോയ 13, ജോയിൻ ചെയ്യാത്ത നാലുപേർ എന്നിങ്ങനെയാണ് ഒഴിവുകൾ. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരും. കഴിഞ്ഞ 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണിവർ.
അതിനിടെ, വേതന വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 68ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമാന്തരമായി നടക്കുന്ന നിരാഹാരസമരം 30ആം ദിവസത്തിലേക്കും കടന്നു. ആശമാരുമായി ചർച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.
ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ല. സർക്കാർ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനിടെ, സ്വന്തം നിലയിൽ ആശാ പ്രവർത്തകർക്ക് ഓണറേറിയം കൂട്ടി നൽകാൻ തീരുമാനിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21ന് സമരവേദിയിൽ വെച്ച് ആദരിക്കും.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’





































