തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ ഉദ്യോഗസ്‌ഥർക്ക് എതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ നടപടി ഉറപ്പാണ്. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് കൊണ്ടാണ് തീരുമാനം വൈകുന്നത്.
ബെന്നിച്ചന് പുറമെ വനം-ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ ഇപ്പോഴും വ്യക്‌തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയത് എന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം, പക്ഷെ നിയമസഭയിൽ ഇന്നലെ വനമന്ത്രി ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ പിന്തുണച്ചിരുന്നു. നടപടി വൈകിയാൽ പ്രതിപക്ഷം വീണ്ടും വിഷയം സർക്കാറിനെതിരെ ആയുധമാക്കാനും സാധ്യതയുണ്ട്.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം-ജലവിഭവ സെക്രട്ടറിമാരോട് സംസ്‌ഥാന സർക്കാർ വീശദീകരണം ചോദിച്ചിരുന്നു. അതേസമയം ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം സർക്കാരിന് തിരിച്ചടിയാണ്.
ടികെ ജോസാണ് മുല്ലപ്പെരിയാർ നിരീക്ഷണസമിതിയിൽ കേരളത്തിന്റെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താല്‍ വിവാദം ആകാൻ സാധ്യതയുണ്ട്. വിഷയത്തിൽ ഉദ്യോഗസ്‌ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Read Also: കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്








































