ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡണ്ട് അജയ് ബംഗ പാക്കിസ്‌ഥാനെ അറിയിച്ചു.
ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്‌ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞദിവസം അജയ് ബംഗ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യൻ സന്ദർശനം മധ്യസ്‌ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
അതേസമയം, ഉത്തർപ്രദേശിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡണ്ടിന്റെ സന്ദർശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിലും തുടർന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്‌ക്കുന്നതിലും ലോക ബാങ്കിന്റെ ഇടപെടൽ ഉണ്ടായിരുന്നു.
Most Read| ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ