കാസർഗോഡ്: തീരദേശ ജനതയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഡിസംബർ അവസാനത്തോടെ നാടിന് സമർപ്പിക്കും. കാഞ്ഞങ്ങാട്ടെയും അജാനൂരിലെയും ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്. നിയമകുരുക്കിലും ചുവപ്പുനാടയിലുംപെട്ട് പദ്ധതിയുടെ പ്രവർത്തനം ഏറെനാളായി നിലച്ചിരിക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് വന്നതിനെ തുടർന്നാണ് പാലവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി കേസിന് ശാശ്വത പരിഹാരമായത്. 2018 സെപ്റ്റംബർ 15ന് ആണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡുകൾ ടാറിങ് പ്രവൃത്തി മാത്രമാണ് നിലവിൽ പൂർത്തീകരിക്കാനുള്ളത്. മഴ മാറി നിന്നാൽ ഉടൻ ടാറിങ് ജോലികൾ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ചെന്നൈ ആസ്‌ഥാനമായുള്ള ജിയോ ഫൗണ്ടേഷൻ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 38 കോടി ചിലവഴിച്ചാണ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ഇതിൽ 21 കോടി സ്‌ഥലം ഏറ്റെടുക്കലിനായാണ് ചിലവഴിച്ചത്. 700 മീറ്റർ നീളത്തിൽ കോട്ടച്ചേരി ട്രാഫിക് കവലയിൽ നിന്ന് 100 മീറ്റർ വടക്കുമാറി പടിഞ്ഞാറുഭാഗം മുതൽ ആവിക്കര വരെയാണ് പാലം നിർമിച്ചിട്ടുള്ളത്. ഏഴര മീറ്റർ വീതിയിലുള്ള പാലം നടപ്പാത സഹിതമാണ് നിർമിച്ചിട്ടുള്ളത്.
പാലം യാഥാർഥ്യമാകുന്നതോടെ കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ മൂന്ന് റെയിൽവേ ഗേറ്റുകൾക്കാണ് ശാപമോക്ഷം ലഭിക്കുക. കൂടാതെ, കുശാൽ നഗർ, ആവി, മുറിയനാവി, അജാനൂർ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കൊളവയൽ, കാറ്റാടി പ്രദേശങ്ങളിലേക്കുള്ള യാത്രാ പ്രശ്‌നത്തിനും പരിഹാരമാകും.
Most Read: കൈനകരി ജയേഷ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം, പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് ഭീഷണി








































