കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിൽ കോടമഞ്ഞിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഓടുന്ന കാറിൽ വിൻഡോക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം നടത്തിയത്. വയനാട്ടിൽ വിനോദയാത്ര പോയ യുവാക്കളാണിതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 11 മണിയോടെയാണ് കനത്ത കോടമഞ്ഞിലൂടെ യുവാക്കൾ അപകടകരമായി വാഹനമോടിച്ചത്. വാഹനത്തിന്റെ ഹസാഡ് ലൈറ്റ് തെളിച്ചായിരുന്നു ഇവരുടെ യാത്ര. ചുരത്തിൽ ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. താമരശ്ശേരി ചുരത്തിൽ 9 ഹെയർപിൻ വളവുകളുണ്ട്. ഭാരമേറിയ ചരക്കുലോറികളും ദീർഘദൂര ബസ്സുകളുമടക്കമുള്ളവ കടന്നുപോവുന്ന റോഡിനു വീതിയും കുറവാണ്. ഇവിടെയാണ് നിയമം ലംഘിച്ചുകൊണ്ട് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്.
മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഈ വണ്ടി ഇന്നുതന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്ത് തുടർ നടപടികളിലേക്കു കടക്കാനാണ് തീരുമാനം. മലപ്പുറം രണ്ടത്താണി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടകരമായി യാത്ര ചെയ്ത സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ ആർസി റദ്ദാക്കുന്നത് ഉൾപ്പടെ അധികൃതർ പരിഗണിക്കുന്നുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; അതിജീവതയെ വിമർശിച്ച് ഹൈക്കോടതി








































