കൽപറ്റ: മുത്തങ്ങയിൽ മാരക ലഹരിമരുന്നും ചാരായവും കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. മുത്തങ്ങ ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തോട്ടുമുക്കം സ്വദേശി മൂന്നുതൊട്ടിയിൽ ബോണി സെബാസ്റ്റ്യൻ (23) ആണ് അറസ്റ്റിലായത്. വാഹനപരിശോധനക്കിടെ 10.600 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. യുവാവ് സഞ്ചരിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, സുൽത്താൻ ബത്തേരി- പുൽപ്പള്ളി റോഡിലെ ഏരിയപള്ളിയിൽ നിന്നാണ് ഓട്ടോറിക്ഷയിൽ ചാരായം കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായത്. 20 ലിറ്റർ ചാരായവുമായി ഓട്ടോ ഡ്രൈവറായ പാടിച്ചിറ അമരക്കുനി പന്നിക്കൽ സന്തോഷ് (38) ആണ് പിടിയിലായത്. ചാരായം വിൽപനക്കായി കൈമാറിയ ചാമപ്പാറ ഭാഗത്ത് സീതാമൗണ്ട് പുത്തൻപറമ്പിൽ ചൂനായിൽ സ്റ്റൈജു എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Also Read: ഇടുക്കി ഡാം തുറക്കാൻ സാധ്യത; പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ല







































