ന്യൂയോർക്ക്: ന്യൂയോർക്കിലെ മേയറായി ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യക്കാരനുമായ സൊഹ്റാൻ മംദാനി (34) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30നാണ് വോട്ടെടുപ്പ് പൂർത്തിയായത്. പിന്നാലെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമർശകനായ മംദാനിയുടെ ജയം ട്രംപിന് കടുത്ത തിരിച്ചടിയാണ്. റിപ്പബ്ളിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ളിവ മൽസരിച്ചെങ്കിലും ട്രംപ് കുമോയെ ആണ് പിന്തുണച്ചിരുന്നത്.
ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോർക്ക് തിരഞ്ഞെടുപ്പ് ഫലമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യൻ വംശജനായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെ മകനാണ് സൊഹ്റാൻ.
ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസിൽ ന്യൂയോർക്കിലെത്തി, സാർവത്രിക ശിശുസംരക്ഷണം, കുറഞ്ഞ യാത്രക്കൂലി തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പിൽ നിർണായകമായത്. ന്യൂയോർക്കിലെ സാധാരണക്കാരെയും യുവജനങ്ങളെയും ആകർഷിച്ച മംദാനിയുടെ പ്രചാരണത്തിന് സെനറ്റർ ബെർണി സാൻഡേഴ്സ് ഉൾപ്പടെയുള്ള പ്രമുഖ ദേശീയ ജേതാക്കൾ പിന്തുണ നൽകിയിരുന്നു.
ഡൊണാൾഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നതും, ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.
Most Read| തിരുവനന്തപുരം കോർപ്പറേഷൻ; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്








































