ടൊറന്റോ: കാനഡയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വായു നിലവാരം മോശമായതിനെ തുടർന്ന് വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകി അധികൃതർ. ന്യൂയോർക്കിൽ ഇന്ന് മുതൽ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും. കാട്ടുതീ യുഎസ് നഗരങ്ങളെ മൊത്തം വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. 1960ന് ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിൽ ഉള്ളതെന്ന് ന്യൂയോർക്ക് സിറ്റി ആരോഗ്യ കമ്മീഷണർ അശ്വിൻ വാസൻ അറിയിച്ചു.
പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ നിറത്തിലാണിപ്പോൾ. മോശം കാലാവസ്‌ഥ കാരണം നിരവധി വിമാനങ്ങൾ വൈകുകയും കായികയിനങ്ങൾ മാറ്റിവെക്കുകയും ചെയ്‌തിട്ടുണ്ട്. ജനങ്ങൾ കഴിവതും വീട്ടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോർക്ക് സിറ്റി മേയർ നിർദ്ദേശം നൽകി. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കാനഡയും നിർദ്ദേശം നൽകിയിട്ടുണ്ട്.
വരും ആഴ്‌ചകളിൽ പുകപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നത് രൂക്ഷമാകും. ഇതേത്തുടർന്ന് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. 150ഓളം കാട്ടുതീ റിപ്പോർട് ചെയ്‌ത ക്യൂബെക്കിൽ നിന്നാണ് കൂടുതൽ പുക ഉയരുന്നത്. ഇവിടെ നിന്ന് 15,000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആൽബർട്ടയിലും കാട്ടുതീ രൂക്ഷമാവുകയാണ്.
അമേരിക്കയുടെ വടക്കുകിഴക്കുള്ള നഗരങ്ങൾ, ചിക്കാഗോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ 100 ദശലക്ഷത്തോളം ആളുകൾക്ക് മലിനീകരണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് പരിസ്‌ഥിതി സംരക്ഷണ ഏജൻസി അറിയിച്ചു. കാനഡയിൽ മാത്രം 20,000ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവിടെ 3.8 മില്യൺ ഹെക്‌ടർ ഭൂമി കത്തിനശിച്ചതായാണ് റിപ്പോർട്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചു.
Most Read: ഒടുവിൽ ഇന്റർ മയാമിയിലേക്ക്; സ്‌ഥിരീകരിച്ചു മെസി- നിരാശയിൽ ആരാധകർ