ബാഴ്‌സലോണ: ഒടുവിൽ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ആരാധകരെ നിരാശയിലാഴ്‌ത്തി, യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്‌ളബ് ഇന്റർ മയാമിയിലേക്ക് പോകുന്ന വിവരം സ്‌ഥിരീകരിച്ചു അർജന്റീന സൂപ്പർ താരം ലയണൽ മെസി. സ്‌പാനിഷ് മാദ്ധ്യമങ്ങളായ ഡിയാരിയോ സ്‌പോർട്ടിനും മുൺഡോ ഡിപ്പാർട്ടിവേയ്‌ക്കും അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെസി തന്റെ ഇന്റർ മയാമി പ്രവേശനത്തെ കുറിച്ച് വ്യക്‌തമാക്കിയത്.
മുൻ ക്ളബ് ആയിരുന്ന ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന തോന്നലുണ്ടാക്കിയാണ് മെസി മുൻ ഇംഗ്ളണ്ട് താരം ഡേവിഡ് ബെക്കാമിന് കൂടി ഉടമസ്‌ഥാവകാശമുള്ള മയാമിയിലേക്ക് പോകുന്നത്. ഇതുതന്നെയാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ ഞെട്ടിപ്പിച്ചതും. ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവ് സ്വപ്‌നം കണ്ടിരുന്നുവെന്ന് മെസി മയാമിയിലേക്ക് പോവാനുള്ള തീരുമാനത്തിന് പിന്നാലെ അറിയിച്ചു.
‘ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവ് സ്വപ്‌നം കണ്ടിരുന്നു. പക്ഷെ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല. കാരണം രണ്ടു വർഷം മുമ്പ് 2021 ഓഗസ്‌റ്റ് മാസത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും തനിക്ക് ഓർമയുണ്ട്. ഒരു ഘട്ടത്തിലും പണം തനിക്കൊരു പ്രശ്‌നമായിരുന്നില്ല. ബാഴ്‌സലോണയുമായി കരാർ ചർച്ച നടന്നിട്ടില്ലെ’ന്നും മെസി പറഞ്ഞു.
‘മറ്റു യൂറോപ്യൻ ക്ളബുകൾക്ക് നിന്നും എനിക്ക് ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ അവയൊന്നും ഞാൻ പരിഗണിക്കുക പോലും ചെയ്‌തിരുന്നില്ല. കാരണം യൂറോപ്പിൽ ബാഴ്‌സലോണയിലേക്ക് പോകുക എന്നത് മാത്രമായിരുന്നു എന്റെ ഏക ആഗ്രഹം. എന്നാൽ, ബാഴ്‌സ കരാർ തകർന്നതോടെ ഇപ്പോൾ മയാമിയിൽ വ്യത്യസ്‌തമായ എന്തെങ്കിലും പരീക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നു. എന്നെ തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണയ്‌ക്ക് കളിക്കാരെ വിൽക്കേണ്ടതുണ്ടെന്നും, മറ്റുള്ളവരുടെ വേതനം വെട്ടിക്കുറക്കേണ്ടതുണ്ടെന്നും കേട്ടു. അതിനൊന്നും കാരണക്കാരനാകാൻ ഞാൻ താൽപര്യപ്പെടുന്നില്ല’- മെസി വ്യക്‌തമാക്കി.
പണമായിരുന്നില്ല തന്റെ ലക്ഷ്യം. അങ്ങനെ ആയിരുന്നെങ്കിൽ സൗദി അറേബ്യയിലേക്കോ അല്ലെങ്കിൽ കൂടുതൽ പണം ലഭിക്കുന്ന മറ്റെവിടേക്കെങ്കിലുമോ പോകാമായിരുന്നു. ബാഴ്‌സ ഒരു നിർദ്ദേശം മുന്നിൽ വെച്ചിരുന്നു. അതൊരിക്കലും രേഖാമൂലം ഒപ്പിട്ട നിർദ്ദേശമായിരുന്നില്ലായെന്നും മെസി കൂട്ടിച്ചേർത്തു.
അതേസമയം, മെസിയുടെ തീരുമാനത്തിൽ കടുത്ത നിരാശയാണ് ആരാധകർ രേഖപ്പെടുത്തുന്നത്. സമയം ഒരുപാട് ഉണ്ടായിട്ടും എടുത്തുചാടി തീരുമാനം എടുക്കേണ്ടായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ, ഫുട്‌ബോളിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസിക്ക് ഇനിയൊന്നും തെളിയിക്കാനില്ലെന്നും എവിടെ പോയാലും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും മറ്റുചില ആരാധകരും പറയുന്നു.
Most Read: വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ കരിന്തളം കോളേജിൽ നൽകിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും