കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെയുള്ള അന്വേഷണം നീളുന്നു. വിദ്യ കാസർഗോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പോലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർഗോഡ് നിന്ന് മഹാരാജാസിലേക്ക് സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്.
ഈ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പോലീസിന് ഉടൻ കൈമാറില്ല. പ്രാഥമിക അന്വേഷണം ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പോലീസ് അറിയിച്ചു. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സർട്ടിക്കറ്റുമായി അട്ടപ്പാടി രാജീവ്ഗാന്ധി കോളേജിൽ ഗസ്‌റ്റ് ലക്‌ച്ചർ നിയമനം നേടാൻ ശ്രമിച്ചതിനെ തുടർന്നാണ് കെ വിദ്യ വ്യാജരേഖ ഉണ്ടാക്കിയെന്ന വിവരം പുറത്തുവരുന്നത്.
അതേസമയം, വിദ്യയുടെ ഗവേഷണ ഗൈഡ് സ്‌ഥാനത്ത് നിന്ന് ബിച്ചു എക്‌സ്‌മലയിൽ പിൻമാറി. നിയമപരമായി വിദ്യയുടെ നിരപരാധിത്വം തെളിയുന്നത് വരെ ഗൈഡ് സ്‌ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്‌സ്‌മല കാലടി സർവ്വകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് വിദ്യ. പിഎച്ച്ഡി പ്രവേശനവും മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവകലാശാലയിലും വിദ്യക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, ഫേസ്ബുക്ക് പോസ്‌റ്റിലുള്ള തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി പ്രതികരിച്ചു. ‘എന്നാലും എന്റെ വിദ്യേ, നീ ഇത്തരത്തിലുള്ള കുരുക്കിൽ പെട്ടല്ലോ’ എന്നാണ് പികെ ശ്രീമതി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. വ്യാജരേഖ ആരുണ്ടാക്കിയാലും തെറ്റാണെന്നും അവർ പറഞ്ഞു. ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മൽസരത്തിൽ ഒന്നാം സ്‌ഥാനം കിട്ടിയ കുട്ടിയാണ് വിദ്യ.
ആ കുട്ടി ഉന്നത വിജയം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്‌തുവെന്ന് കേട്ടപ്പോളുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. ‘എന്നാലും എന്റെ വിദ്യേ’, എന്നത് മനസിൽ നിന്നുണ്ടായ പ്രതികാരണമാണ്. അതിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്നും ശ്രീമതി കൂട്ടിച്ചേർത്തു. അതേസമയം, വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും വ്യക്‌തമാക്കിയിരുന്നു. വ്യാജരേഖ ചമച്ചതിലൂടെ വിദ്യ ചെയ്‌തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം.
Most Read: ലോകകേരളസഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു