ന്യൂഡെൽഹി: രാജ്യത്തെ പ്രതിസന്ധി കാലത്തിൽ നിന്ന് കരകയറ്റാൻ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും കിണഞ്ഞ് പരിശ്രമിക്കുമ്പോഴും എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ രംഗത്തെത്തുന്നത്. കോവിഡ് മഹാമാരികാലത്തും രോഗികളെ പരമാവധി മുതലെടുക്കുകയാണ് ഇത്തരം ചില ബിസിനസ് വീരൻമാർ. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന ആംബുലൻസുകൾ ഈടാക്കുന്ന തുക ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. രാജ്യ തലസ്‌ഥാനത്ത് നിന്ന് അത്തരം ചില വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് രോഗിയെ ആംബുലന്‍സില്‍ ഗുഡ്‍ഗാവില്‍ നിന്ന് ലുധിയാനയിൽ എത്തിക്കാന്‍ ആംബുലൻസിന് മാത്രം ചെലവായത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഡെൽഹിയിൽ നിന്ന് ആംബുലൻസ് വിളിച്ച ഗുഡ്‌ഗാവ് സ്വദേശികൾക്കാണ് ഈ ദുരനുഭവം. തങ്ങളുടെ നാട്ടിൽ നിന്ന് ഒരു ആംബുലൻസിനായി ഒരുപാട് ശ്രമിച്ചെങ്കിലും കിട്ടാതെ വന്നപ്പോഴാണ് ഡെൽഹിയിൽ നിന്ന് ആംബുലൻസ് വിളിച്ചതെന്ന് രോഗിയുടെ ബന്ധുക്കൾ പറയുന്നു.
വന്നയുടൻ തന്നെ 1.40 ലക്ഷം രൂപയാണ് വാടകയായി ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. എന്നാൽ, ഓക്‌സിജൻ സിലിണ്ടർ കൈയ്യിലുണ്ടെന്ന് പറഞ്ഞതോടെ 20,000 രൂപ കുറക്കാൻ തയ്യാറായി. മുന്‍കൂറായി 95,000 രൂപയും ലുധിയാനയിൽ എത്തിയപ്പോള്‍ ബാക്കി 25,000 രൂപയും നൽകിയെന്ന് രോഗിയുടെ മകള്‍ പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്തു. ആംബുലൻസ് ഉടമ കൂടിയായ ഡോക്‌ടറെ ഇന്നലെ ഡെൽഹിയിൽ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇന്ദ്രപുരിയിലെ ദഷ്‍ഗര്‍ സ്വദേശിയായ മിമോഹ് കുമാർ ബുണ്ഡൽ എന്നയാളാണ് അറസ്‌റ്റിലായത്. എംബിബിഎസ് ഡോക്‌ടറായ ബുണ്ഡല്‍ രണ്ട് വര്‍ഷമായി ആംബുലന്‍സ് ബിസിനസ് രംഗത്തുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ കാര്‍ഡ്‍കെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. മൂന്നിരട്ടിയിലധികം വാടക ഈടാക്കുന്നുവെന്ന് ആയിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുണ്ഡലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ആംബുലൻസുകൾ നിശ്‌ചയിച്ച വാടകയേക്കാൾ കൂടുതൽ രോഗികളിൽ നിന്ന് ഈടാക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് കെജ്‌രിവാൾ; 3 മാസത്തിനകം മുഴുവൻ ആളുകൾക്കും വാക്‌സിൻ