മലപ്പുറം: ബൈക്ക് തട്ടിയെടുത്ത് അഞ്ചംഗ സംഘം 11.4 ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത 66ൽ പാണമ്പ്ര കൊയപ്പ റോഡ് ജങ്ഷനിലാണ് സംഭവം. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് ബൈക്ക് യാത്രക്കാരനെ തടഞ്ഞുവെച്ചു പണം കവർന്നത്. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചേലേമ്പ്ര പൈങ്ങോട്ടൂർ കാലത്ത് മുഹമ്മദ് കോയ (51) എന്നയാൾ ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിലുള്ള ബാഗിൽ കവറിലാക്കി സൂക്ഷിച്ച പണമാണ് സംഘം കവർന്നത്. ബൈക്കുമായി എത്തിയ മുഹമ്മദ് കോയയെ തടഞ്ഞ് നിർത്തി കാറിൽ കയറാൻ പ്രതികൾ നിർദ്ദേശിച്ചു. എന്നാൽ, അദ്ദേഹം കൂട്ടാക്കിയില്ല. പിന്നീട് ആളുകൾ കൂടിയതോടെ സംഘം പണം അടങ്ങിയ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ബൈക്ക് പിന്നീട് രാമനാട്ടുകര എൻഎച്ച് ബൈപ്പാസിലെ മേൽപ്പാലത്തിന് അടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, കവർച്ച നടത്തിയ സംഘത്തെയും ഉപയോഗിച്ച കാറും കണ്ടെത്താനായില്ല. കാർ വ്യാജ നമ്പറിൽ ഉള്ളതാണെന്ന് പിന്നീട് പോലീസ് സ്‌ഥിരീകരിച്ചു. എൻഎച്ച് വികസനത്തിന് കെട്ടിടങ്ങൾ പൊളിച്ചതോടെ വഴിയരികിലെ സിസിടിവി ക്യാമറകളും നീക്കിയിരുന്നു. ഇതോടെ തെളിവുകൾ ലഭിക്കാൻ പൊലീസിന് തടസം നേരിട്ടു. അതേസമയം, പണം പിടിച്ചുപറി സംഭവങ്ങളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ള ചിലരെ പോലീസ് നിരീക്ഷിച്ച് വരികയാണ്.
Most Read: ഒമൈക്രോണിനെ പ്രതിരോധിക്കാൻ കൊവാക്‌സിൻ ഫലപ്രദം; ഐസിഎംആർ





































