കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്‌റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 10 മണിയോടെ കസ്‌റ്റംസ് ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്‌തതിന് ശേഷം വിട്ടയച്ചിരുന്നു.
ഇന്നലെ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്‌തത് സംബന്ധിച്ചാണ് ചോദ്യം ചെയ്‌തത്. ഇന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യൽ നടക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്‌ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക. സ്വപ്‌നയുമായുള്ള പണമിടപാട് സംബന്ധിച്ച ശിവശങ്കറിന്റെ വാട്‍സ് ആപ്പ് ചാറ്റ് പുറത്ത് വന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കസ്‌റ്റംസിന്റെ അന്വേഷണ പരിധിയിൽ ഉള്ളത്.
Also Read: കസ്‌റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്‌തു
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഈന്തപ്പഴ വിതരണത്തിന്റെ ഉൽഘാടനം നടന്നത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് ശിവശങ്കർ സമ്മതിച്ചിരുന്നു. കോൺസുലേറ്റിൽ എത്തിയ 17000 കി.ഗ്രാം ഈന്തപ്പഴത്തിൽ 7000 കി.ഗ്രാം കാണാതായതിനെ കുറിച്ച് അറിയില്ലെന്നും ശിവശങ്കർ വ്യക്‌തമാക്കി. സ്വപ്‍നയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അറിയില്ലെന്നായിരുന്നു മറുപടി.






































